
പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പാക്കിവരുന്ന 'ഹരിതാഭമയം, അതിജീവനപാഠം' ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം വടുതല ചിന്മയ സ്കൂളിൽ കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു.എസ്. നായരും ഭാര്യ എൻ.പി.ഒ.എൽ (ഡി.ആർ.ഡി.ഒ ) സയന്റിസ്റ്റ് കെ. രമിതയും ചേർന്ന് നിർവഹിക്കുന്നു
കൊച്ചി: പരി:സ്ഥിതിയുടെ പേരിൽ കുറച്ചുപേർ മുന്നിട്ടിറങ്ങാനുണ്ടായതിന്റെ ഫലമാണ് പശ്ചിമഘട്ടത്തെ സൈലന്റ് വാലി മുതൽ അറബിക്കടലോരത്തെ മംഗളവനം വരെയുള്ള ജൈവവൈവിധ്യ മേഖലയെ നിലനിർത്താൻ കഴിഞ്ഞതെന്ന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു.എസ്. നായർ അഭിപ്രായപ്പെട്ടു.
ഈ ലോകം ഇതേപോലെ നിലനിർത്താൻ ഭൂമിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കണം. അതിന് നിശ്ചയദാർഢ്യമുള്ള തലമുറ വളർന്നു വരണം.അത്തരമൊരു ഉത്തവാദിത്തം നിറവേറ്റാൻ വിദ്യാർത്ഥി സമൂഹത്തിനേ കഴിയൂവെന്നും കുട്ടികൾ അത് നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന 'ഹരിതാഭമയം, അതിജീവനപാഠം'എന്ന 20 വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം വെച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം വടുതല ചിന്മയ സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിനോടൊപ്പം 25,000 കറിവേപ്പില തൈകളുടെ വിതരണ ഉദ്ഘാടനം എൻ.പി.ഒ.എൽ (ഡി.ആർ.ഡി.ഒ ) സയന്റിസ്റ്റ് കെ. രമിതയും നിർവഹിച്ചു.ഏതൊരു വലിയ പദ്ധതിയുടെയും ആദ്യവിത്ത് മുളപൊട്ടുന്നത് മനുഷ്യന്റെ മനസ്സിലാണെന്നും അത് യഥാർഥ്യമാക്കാൻ ഉൽക്കടമായൊരു കരുത്തു ആർജിച്ചെടുക്കാൻ കുട്ടികൾ കുഞ്ഞിന്നാളിലേ ശീലിക്കണമെന്നും രമിത പറഞ്ഞു, രാജ്യം നേടിയെടുത്ത സൈനിക കരുത്തിന്റെ ബീജാവാപം മുളപൊട്ടിയതും മനസ്സിൽ വിരിഞ്ഞ ആശയങ്ങളിൽ നിന്നാണ്.
സ്കൂൾ വളപ്പിൽ 10 ഫലവൃക്ഷങ്ങൾ നട്ടുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി തോമസ്, ചിന്മയമിഷൻ എഡ്യൂക്കേഷണൽ ആൻഡ് കൾചറൽ ട്രസ്റ്റ് ചീഫ് സേവക് എ. ഗോപാലകൃഷ്ണൻ, കൃഷി വിജ്ഞാനകേന്ദ്രം (എൻസിഎആർ) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, വേണുഗോപാൽ.സി. ഗോവിന്ദ്, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും തൈ നടീലിൽ പങ്കാളികളായി.
ചടങ്ങിൽ പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റികൂടിയായ പ്രൊഫ. കെ.വി തോമസ് സ്വാഗതം പറഞ്ഞു.ചാർട്ടേഡ് അക്കൗണ്ടന്റ്കൂടിയായ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഡോ. ഷിനോജ് സുബ്രഹ്മണ്യൻ പദ്ധതി വിശദീകരിച്ചു. ചിന്മയ വിദ്യാലയം പ്രിൻസിപ്പൽ വി. പ്രതിഭ, വേണുഗോപാൽ.സി.ഗോവിന്ദ് എന്നിവർ ആശംസ പ്രസംഗം നടത്തി.എറണാകുളം കെ.വി.കെ ഹോർട്ടികൾച്ചറിസ്റ്റ് ഷോജി ജോയ് എഡിസൺ നന്ദി പറഞ്ഞു.
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാധനം ട്രസ്റ്റ് നടത്തി വരുന്നതാണ് ഫലവൃക്ഷത്തോട്ടം വെച്ച്പിടിപ്പിക്കുന്ന പദ്ധതി.ഭൂമിയെ പച്ചയണിയിച്ച് സംരക്ഷിക്കുവാനും വായു മലിനീകരണം പരിഹരിക്കുവാനും വൃക്ഷങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി ഈ ദിശയിൽ വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായാണ് വിദ്യാധനം ട്രസ്റ്റ് പദ്ധതിക്ക് രൂപം നൽകിയത്.
Photo Courtesy - Google








